This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെയ്മാന്‍ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെയ്മാന്‍ ദ്വീപുകള്‍

Cayman Islands

ജോര്‍ജ് ടൗണ്‍

കരീബിയന്‍ കടലിലെ വെസ്റ്റിന്‍ഡീസ് മേഖലയില്‍പ്പെട്ട ഒരു ദ്വീപസമൂഹം. 19°40' വടക്ക്; 79°50' പടിഞ്ഞാറ് ഗ്രാന്‍ഡ് കെയ്മാന്‍, ലിറ്റില്‍ കെയ്മാന്‍, കെയ്മാന്‍ ബ്രാക് എന്നീ സാമാന്യം വലിയ ദ്വീപുകളും മറ്റനേകം തുരുത്തുകളും ഉള്‍പ്പെടുന്ന കെയ്മാന്‍ സമൂഹം ഒട്ടാകെ പവിഴപ്പുറ്റുകളാണ്. മൊത്തം വിസ്തീര്‍ണം: 264 ച.കി.മീ. തലസ്ഥാനം: ജോര്‍ജ് ടൗണ്‍. ജനസംഖ്യ: 54,878 (2010).

ക്രിസ്റ്റഫര്‍ കൊളംബസിന്റെ പര്യടന(1503)ത്തിനിടയില്‍ കണ്ടെത്തിയ ഈ ദ്വീപുകള്‍ക്ക് അദ്ദേഹം കടലാമകളുടെ ആധിക്യം പരിഗണിച്ചു ടര്‍ട്ടുഗാസ് എന്നു പേരിട്ടു. സ്പെയിന്‍കാര്‍ ഈ ദ്വീപുകളെ പാടേ വിഗണിക്കുകയാണുണ്ടായത്. 18-ാം ശതകത്തില്‍ ജമേയ്ക്കയില്‍ ആധിപത്യമുറപ്പിച്ച ബ്രിട്ടീഷുകാര്‍ ഈ ദ്വീപുകളില്‍ ആദ്യമായി കുടിയേറി. ജമേയ്ക്ക സ്വതന്ത്രമായപ്പോള്‍ കെയ്മാന്‍ ദ്വീപുകള്‍ ആ രാജ്യത്തിന്റെ അധീനപ്രദേശമായിത്തീര്‍ന്നു. 1959-ല്‍ കെയ്മാന്‍ ദ്വീപുകള്‍ക്കു സ്വയംഭരണാധികാരം നല്കപ്പെട്ടു. തിരഞ്ഞെടുപ്പിലൂടെ രൂപംകൊള്ളുന്ന ജനപ്രതിനിധി സഭയുടെ ശിപാര്‍ശകളനുസരിച്ച് ജമേയ്ക്കയിലെ ഗവര്‍ണറാല്‍ ഭരിക്കപ്പെടുന്ന ഒരു വ്യവസ്ഥയാണ് ഇപ്പോഴുള്ളത്.

ജമേയ്ക്കയ്ക്ക് 304 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് കെയ്മാനാണു കെയ്മാന്‍ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. 35 കി.മീ. നീളവും 6-13 കി.മീ. വീതിയുമുള്ള ഈ ദ്വീപിലാണ് കെയ്മാനിലെ ജനങ്ങളില്‍ 80 ശതമാനവും വസിക്കുന്നത്. തലസ്ഥാനമായ ജോര്‍ജ്ടൗണിനു പുറമേ ബോഡന്‍ടൗണ്‍ എന്ന മറ്റൊരു പട്ടണവും ഈ ദ്വീപിലുണ്ട്. ഗ്രാന്‍ഡ് കെയ്മാനിന് കിഴക്ക് വടക്ക്, കിഴക്ക് 96 മുതല്‍ 144 വരെ കി.മീ. അകലത്തായി ചിതറിക്കിടക്കുന്നവയാണ് കെയ്മാന്‍ സമൂഹത്തിലെ മറ്റു ദ്വീപുകള്‍. ഇവയില്‍ കെയ്മാന്‍ ബ്രാക്, മധ്യഭാഗത്ത് എഴുന്നുനില്ക്കുന്ന ഭീമാകാരമായ വെള്ളക്കുന്നു നിമിത്തം വിദൂരത്തു നിന്നുപോലും വേര്‍തിരിച്ചറിയാവുന്നതാണ്. കുന്നില്‍ അട്ടിയിട്ടിരിക്കുന്ന ചുണ്ണാമ്പു പാറകളാണ് വെളുപ്പു നിറത്തിനു നിദാനം. കെയ്മാന്‍ ദ്വീപുകളില്‍ നദികള്‍ ഇല്ലെന്നുതന്നെ പറയാം. കടലോരങ്ങള്‍ ചെങ്കുത്തായ പാറക്കെട്ടുകളും വിള്ളലുകളും നിറഞ്ഞു സങ്കീര്‍ണപ്രകൃതി പ്രദര്‍ശിപ്പിക്കുന്നു. ഉള്‍ഭാഗം പൊതുവേ താണനിലങ്ങളാണ്.

സെവന്‍ മൈല്‍ കടല്‍ തീരം

കെയ്മാന്‍ ദ്വീപുകളിലെ പ്രധാന സസ്യവര്‍ഗം വിവിധയിനം പനകളാണ്. പനനാരു പിരിച്ചുണ്ടാക്കുന്ന ബലമേറിയ കയറുകളും വടങ്ങളും കയറ്റി അയയ്ക്കുന്നതില്‍ ഈ ദ്വീപുകള്‍ പ്രസിദ്ധിനേടിയിരിക്കുന്നു. ആമയിറച്ചിയും ആമത്തോടുകൊണ്ടുള്ള കൗതുക വസ്തുക്കളുമാണ് മറ്റൊരു കയറ്റുമതിയിനം. യു.എസ്., ജമേയ്ക്കാ എന്നീ രാജ്യങ്ങളാണു പ്രധാന വാണിജ്യ പങ്കാളികള്‍. കടലാമ ബന്ധനം ഈ ദ്വീപുകളിലെ മുഖ്യമായ ഉപജീവന മാര്‍ഗമാണ്. ബാങ്കിങ് രംഗത്ത് ലോകത്ത് അഞ്ചാം സ്ഥാനമാണ് കെയ്മാന്‍ ദ്വീപുകള്‍ക്കുള്ളത്. ബാങ്കുകളില്‍ 260 എണ്ണവും രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവയാണ്. രാജ്യത്തെ സമ്പദ്ഘടനയുടെ 40 ശതമാനവും ബാങ്കിങ് മേഖലയില്‍ നിന്നുള്ള വരുമാനമാണ്. തൊഴില്‍ രംഗത്തെ 36 ശതമാനവും വിന്യസിച്ചിരിക്കുന്നതും ഈ രംഗത്തുതന്നെ. സെവന്‍മൈല്‍ കടല്‍ത്തീരം, ഹെല്ലല്‍ കടല്‍ത്തീരം, ബോട്ട്സ്വേയ്ന്‍ കടല്‍ത്തീരപാര്‍ക്ക്, ഈസ്റ്റ് എന്‍ഡ് ലൈറ്റ് ഹൗസ് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ചിലത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഗതാഗതസൗകര്യങ്ങളും ഹോട്ടല്‍ വ്യവസായവും ശ്രദ്ധാപൂര്‍വം അഭിവൃദ്ധിപ്പെടുത്തിയിരിക്കുന്നു. ഗ്രാന്‍ഡ് കെയ്മാനിലെ ഓവന്‍ റോബര്‍ട്ട്സ് അന്താരാഷ്ട്രത്താവളത്തില്‍ നിന്ന് കിങ്സ്ടണ്‍, മിയാമി, സാന്‍ജോസ്, പനാമാസിറ്റി തുടങ്ങിയ വന്‍കിട നഗരങ്ങളിലേക്ക് പതിവായി വിമാനസര്‍വീസുകളുണ്ട്. പ്രകൃതിസുന്ദരമായ കെയ്മാന്‍ ബ്രാക്ദ്വീപിലും വിമാനമിറങ്ങുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

(എന്‍.ജെ.കെ. നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍